2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തത്തയുടെ വാക്ക് (കഥ)

ഒരു കുന്നിന്‍ ചെരുവില്‍ രണ്ട് കൊച്ചുവീടുകള്‍. വീടിന്റെ മുന്‍ഭാഗത്ത് കുളവും, ഇരുഭാഗത്തും വയലുകളുമാണ്. കുളത്തില്‍ താമര വിരിഞ്ഞുനില്‍ക്കുന്നു.

വീട്ടിലെ തെങ്ങില്‍ ഒരു ദിവസം രണ്ടു തത്തകള്‍ വന്നിരുന്നു. താഴേക്ക് നോക്കിയപ്പോള്‍ ഒരു കൊക്ക് ഒറ്റക്കാലില്‍ മീന്‍ പിടിക്കാനായി നില്‍ക്കുന്നു. താറാവുകള്‍ വന്ന് കുളത്തില്‍ നീന്തിക്കുളിച്ച് മീന്‍ പിടിച്ച് തിന്നുന്നു. കൊക്ക് അനക്കമില്ലാതെ ഒറ്റക്കാലില്‍ നില്‍പ്പു തുടര്‍ന്നു. താറാവുകള്‍ പോയപ്പോള്‍ തത്തകള്‍ താഴേക്ക് പറന്നുചെന്ന് കൊക്കിനോട് ചോദിച്ചു: “താങ്കള്‍ കുറേ നേരമായല്ലോ ഇവിടെ നില്‍ക്കുന്നു” “വിശന്നിട്ടു വയ്യ എന്തെങ്കിലും തിന്നാന്‍ കിട്ടിയെങ്കിലോ എന്നു കരുതി നില്‍ക്കുകയാണ്.” -കൊക്ക് പറഞ്ഞു.

“ഹേ കൊക്കേ, നീ ആ വീട്ടിലേക്കൊന്നു നോക്കൂ, അവര്‍ വയലില്‍ കൃഷി ചെയ്ത് നെല്ലു വിളയിച്ച്, അവരുടെ ആവശ്യം കഴിച്ച് ബാക്കിയുള്ളത് ചന്തയില്‍ വിറ്റ് വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പോയിരിക്കുന്നു. കൊക്കേ അദ്ധ്വാനിക്കാതെ ഒരിടത്തിരുന്നാല്‍ പട്ടിണിയാണ് ഫലം”. ഇതും പറഞ്ഞ് തത്തകള്‍ പറന്നു പോയി.

ഉടനെ കൊക്ക് പറന്നു പോയി വയലില്‍ നിന്ന് ആവശ്യമുള്ള മീന്‍ പിടിച്ചു തിന്ന് സന്തോഷത്തോടെ കൂട്ടിലേക്ക് മടങ്ങി.
ഗുണപാഠം: അലസന്ടെ അരി അങ്ങാടിയില്‍ തന്നെ.

ലയന. എ.എല്‍ (അഞ്ചാം തരം)കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍
(മാതൃഭൂമി- കുട്ടി.കോമില്‍ പ്രസിദ്ധീകരിച്ചത് )

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഒരു തെരുവ് പെണ്‍കുട്ടിയുടെ കഥ

ചൂളക്കുന്ന് എന്ന ഒരു കൊച്ചുഗ്രാമം. അവിടെ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ധാരാളം മരങ്ങള്‍. അവക്കിടയിലൂടെ പോകുന്ന ചെറിയ റോഡിന്ടെ തിരിവിലാണ് രാമേട്ടന്ടെ പീടിക. ആ പീടികത്തിണ്ണയില്‍ എല്ലാ രാത്രിയിലും രമണി എന്ന ഒരു തെരുവുകുട്ടി ഉറങ്ങാറുണ്ടായിരുന്നു.രാമേട്ടനെപ്പോലെ അവള്‍ക്കും കൂടപ്പിറപ്പുകള്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരെക്കുറിച്ചു പോലും അവള്‍ക്കൊന്നും അറിയില്ലായിരുന്നു.
രാവിലെ മുതല്‍ അവള്‍ ഓരോ വീട്ടിലും കയറിയിറങ്ങും.കുപ്പിപ്പാട്ടകള്‍ പെറുക്കലാണ് അവളുടെ ജോലി. അതു വിറ്റ് കിട്ടുന്ന കാശുകൊണ്ട് അവള്‍ ഓരോ ദിവസവും തള്ളിനീക്കി.അന്നും പതിവുപോലെ അവള്‍ പീടികത്തിണ്ണയില്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് പീടികയുടെ എതിര്‍വശത്തുനിന്നും ദയനീയമായ ഒരു നിലവിളി കേട്ടു. രാത്രിയുടെ ഇരുളിലും അവള്‍ ആ മുഖം തിരിച്ചറിഞ്ഞു. ആരോ രാമേട്ടനെ കുത്തുന്നു. അവള്‍ ധൈര്യം സംഭരിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടി. പോലീസെത്തി അക്രമിയെ കൈയോടെ പിടികൂടി.
ഗുരുതരമായി പരുക്കേറ്റ രാമേട്ടനെ അവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും രാമേട്ടനെ രക്ഷിക്കാനായില്ല. ബോധം കിട്ടിയ സമയത്തെപ്പോഴോ രാമേട്ടന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്ടെ പീടിക അനാഥയായ രമണിക്ക് കിട്ടി. ഇന്ന് ആ പീടിക ചൂളക്കുന്ന് ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കച്ചവട സ്ഥാപനമാണ്. സമ്പന്നതയുടെ നടുവില്‍ സുഖമായി ജീവിക്കുമ്പോഴും തന്നെ താനാക്കിയ പാവം രാമേട്ടനെ അവള്‍ ഓര്‍ക്കാറുണ്ട്.

സീന.ആര്‍.എ (ആറാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍

അമ്മയില്ലാത്തവരുടെ ദു:ഖം (കഥ)

നന്നേ ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ കുഞ്ഞായിരുന്നു ഗംഗ. ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഗംഗയുടെ വീട്. അവളുടെ ജനനത്തോടെ അമ്മ മരിച്ചു. പിന്നീട് അവളെ വളര്‍ത്തിയത് അച്ഛനാണ്. അവളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നിറവേറ്റികൊടുത്തു. പക്ഷേ ഒരു കാര്യം മാത്രം നിരവേറ്റിക്കൊടുക്കാന്‍ അച്ഛന് കഴിഞ്ഞില്ല. അത് അമ്മയില്ലാത്ത ദു:ഖമാണ്.

കൂട്ടുകാര്‍ക്കൊക്കെ അമ്മയുണ്ട്. അവള്‍ക്ക് മാത്രം അമ്മയില്ല. ആ ദു:ഖം എപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നു. കൂട്ടുകാരെല്ലാം അവരവരുടെ അമ്മമാരെക്കുറിച്ച് പറയുമ്പോള്‍ അവള്‍ മാത്രം നി:ശബ്ദയായിരിക്കും. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്ക് സങ്കടം തോന്നും.അവരവളെ സമാധാനിപ്പിക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും.

ഒരു ദിവസം ഗംഗ കൂട്ടുകാരോടൊത്ത് മൈതാനത്തില്‍ കളിക്കുകയായിരുന്നു. കളിക്കിടയില്‍ അബദ്ധത്തില്‍ അവളുടെ കൈയില്‍ നിന്നും തൊട്ടടുത്ത വീട്ടിലെ ഒരു മണ്‍കുടം പൊട്ടി. ആ വീട്ടിലെ സ്ത്രീ അവളെ ഒരുപാട് വഴക്കു പറഞ്ഞു. അവസാനം “തള്ളയില്ലാത്തേന്ടെ ഗുണം കാണും” എന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് സങ്കടം സഹിക്കാനായില്ല. അവള്‍ പൊട്ടിക്കരഞ്ഞു. അതു കണ്ടപ്പോള്‍ കൂട്ടുകാര്‍ക്കും സങ്കടമായി. അവര്‍ അവളെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

അന്ന് അച്ഛന്‍ പണികഴിഞ്ഞ് വന്നപ്പോള്‍ ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞ് ഗംഗ കരയാന്‍ തുടങ്ങി. മകളെ സമാധാനിപ്പിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു: “എന്ടെ മോള്‍ കരയരുത്. മോള്‍ക്ക് അമ്മയില്ല എന്നത് ശരിതന്നെ. അമ്മയില്ലാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ട്. ചിലര്‍ക്ക് അച്ഛനില്ല, ചിലര്‍ക്ക് അമ്മയില്ല. അങ്ങനെ എത്രയെത്ര കുഞ്ഞുങ്ങള്‍. അവരെല്ലാം ജീവിക്കുന്നില്ലേ മോളേ? അതു പോലെ എന്ടെ മോളും മിടുക്കിയായി ജീവിക്കണം”. അച്ഛന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്ക് സമാധാനമായി.

അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളും ഈ ലോകത്ത് ജീവിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് അവരോട് ദു:ഖവും അനുകമ്പയും തോന്നി. രാത്രി ഓരോന്നാലോചിച്ച് കിടന്ന് അവള്‍ ഉറങ്ങിപ്പോയി.

അപ്പോഴാണ് ആരോ തന്നെ വിളിക്കുന്നതുപോലെ അവള്‍ക്ക് തോന്നിയത്. അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു. അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും വീണ്ടും ആ ശബ്ദം: “മോളേ നീ ഒട്ടും വിഷമിക്കരുത്. മറ്റുള്ളവരെപ്പോലെ നിനക്കും അമ്മയുണ്ട്. നീ ഒരിക്കലും അമ്മയില്ല എന്ന ദു:ഖത്തിലാഴരുത്”. അവള്‍ പറഞ്ഞു: “അമ്മേ... എനിക്ക് അമ്മയില്ല എന്ന് എല്ലാവരും പറയുന്നു. എന്താണ് അമ്മ എന്ടെ അടുത്തേക്ക് വരാത്തത്..?”. “മകളേ, എനിക്ക് നിന്ടെ അടുത്തേക്ക് വരുവാന്‍ സാധിക്കില്ല. നീയാണ് എന്ടെ അടുത്തേക്ക് വരേണ്ടത്. പക്ഷേ അതിനു കാലമായിട്ടില്ല. സമയമാകുമ്പോള്‍ മാത്രം നീ എന്ടെ അടുത്തേക്ക് വരിക”. അന്തരീക്ഷത്തില്‍ നിന്നും ഒരു പ്രകാശം മാഞ്ഞുപോയി.

പിറ്റേന്ന് രാവിലെ ഗംഗ അച്ഛനോട് താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. “അതെ കാലമാകുമ്പോള്‍ നമ്മള്‍ അമ്മയുടെ അടുത്തേക്ക് പോകും. അതുവരെ ദു:ഖവും, സന്തോഷവും, ദേഷ്യവും കലര്‍ന്ന ജീവിതം നയിക്കണം”. അച്ഛന്ടെ വാക്കുകള്‍ കേട്ട് അവള്‍ തലയാട്ടി. പിന്നീടൊരിക്കലും ഗംഗയ്ക്ക് അമ്മയുടെ ദര്‍ശനം കിട്ടിയില്ല. അവള്‍ വീണ്ടും തീരാദു:ഖത്തിലാഴ്ന്നു.

രേഷ്മ.പി.ആര്‍ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി- തൃശുര്‍
(കേരള കൌമുദി - “ബാലലോകത്തില്‍” പ്രസിദ്ധീകരിച്ചത്)

2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

സര്‍ക്കാര്‍ സഹായം (കഥ)

വളരെ കുറച്ച് വീടുകള്‍ മാത്രമുള്ള ഒരു കൊച്ചുഗ്രാമം.ഗ്രാമവാസികളില്‍ അധികവും കര്‍ഷകരും കൂലിപ്പണിക്കാരുമാണ്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആ പാവങളെ , അവരോട് സഹതാപം തോന്നിയിട്ടോ എന്തോ കാലാവസ്ഥ ചതിക്കാറില്ല. എങ്കിലും ഈ വര്‍ഷം ദൈവനിശ്ചയം മറിച്ചായിരുന്നു. അകാലത്തില്‍ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിയെല്ലാം നശിച്ചു. ഗ്രാമീണര്‍ക്ക് ജീവിക്കാന്‍ തന്നെ പ്രയാസമായി. അവര്‍ ഒറ്റയ്ക്കും കൂട്ടമായും സര്‍ക്കാര്‍ ഓഫീസില്‍ പോയി വെള്ളപ്പൊക്കത്തിന്ടേയും ദുരിതത്തിന്ടേയും കഥകള്‍ പറഞ്ഞു. പക്ഷേ ഒരു സഹായവും കിട്ടിയില്ല.

ദിവസങ്ങള്‍ കടന്നുപോയി. ഗ്രാമം മുഴുവന്‍ പട്ടിണിയിലായി. എന്നിട്ടും അവരെ തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടായില്ല. അങ്ങനെയിരിക്കെ ഗ്രാമീണര്‍ക്ക് പ്രിയങ്കരനായ ഗോപാലന്‍ മാസ്റ്റ്റുടെ ഭാര്യയും പിഞ്ചുകുഞ്ഞും പട്ടിണി സഹിക്കാന്‍ കഴിയാതെ മരണപ്പെട്ടു. ഗ്രാമീണര്‍ ക്ഷുഭിതരായി. അവര്‍ മൃതദേഹവും ചുമന്ന് സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗ്രാമവാസികള്‍ പിരിഞ്ഞു പോയി.

മരിച്ചവര്‍ക്കേ വിലയുള്ളൂ. അവര്‍ക്കു വേണ്ടിയേ സഹായങ്ങള്‍ ലഭിക്കൂ. ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു വിലയുമില്ല. അവര്‍ക്കു വേണ്ടി ആരും ഒരു സഹായവും അനുവദിച്ചില്ല. പാവം ഗ്രാമവാസികള്‍ക്ക് എന്നും പട്ടിണി മാത്രം.


ധനലക്ഷ്മി.പി.സി
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍
(കേരള കൌമുദി- “ബാലലോകത്തില്‍” പ്രസിദ്ധീകരിച്ചത്)

നെല്ല് (കവിത)

മഴ മഴ മഴ മഴ പെയ്യുന്നു
വയലുകളൊക്കെ നനയുന്നു
മഴ മഴ മഴ മഴ പെയ്യുന്നു
വയലുകളൊക്കെ നിറയുന്നു
കാലം മാറി മഴ മാറി
നാട്ടാര്‍ക്കെല്ലാമുണര്‍വ്വായി
കര്‍ഷകരെല്ലാം നെല്ലും കൊണ്ട്
വിത്ത് വിതയ്ക്കാന്‍ പോകുന്നു
വിത്തു മുളച്ചതു നെല്‍ച്ചെടിയായി
പച്ചപട്ടതു കാണായി
മഴ പോയപ്പോള്‍ വെയില്‍ വന്നപ്പോള്‍
നെല്‍ക്കതിരുകളും കാണായി
നെല്‍ക്കതിരെല്ലാം മൂത്തുപഴുത്തതാ
തങ്കച്ചാര്‍ത്തായ് നില്‍ക്കുന്നു
എന്തൊരു ഭംഗി എന്തൊരു ചന്തം
സ്വര്‍ണ്ണനിറത്താല്‍ നെല്‍പ്പാടം

ധനലക്ഷ്മി.പി.സി , ആറാം തരം
കമലാ നെഹ്രു സ്കൂള്‍-വാടാനപ്പള്ളി, തൃശൂര്‍.
(ദേശാഭിമാനി-“അക്ഷരമുറ്റ“ത്തില്‍ പ്രസിദ്ധീകരിച്ചത്)