ചൂളക്കുന്ന് എന്ന ഒരു കൊച്ചുഗ്രാമം. അവിടെ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ധാരാളം മരങ്ങള്‍. അവക്കിടയിലൂടെ പോകുന്ന ചെറിയ റോഡിന്ടെ തിരിവിലാണ് രാമേട്ടന്ടെ പീടിക. ആ പീടികത്തിണ്ണയില്‍ എല്ലാ രാത്രിയിലും രമണി എന്ന ഒരു തെരുവുകുട്ടി ഉറങ്ങാറുണ്ടായിരുന്നു.രാമേട്ടനെപ്പോലെ അവള്‍ക്കും കൂടപ്പിറപ്പുകള്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരെക്കുറിച്ചു പോലും അവള്‍ക്കൊന്നും അറിയില്ലായിരുന്നു.
രാവിലെ മുതല്‍ അവള്‍ ഓരോ വീട്ടിലും കയറിയിറങ്ങും.കുപ്പിപ്പാട്ടകള്‍ പെറുക്കലാണ് അവളുടെ ജോലി. അതു വിറ്റ് കിട്ടുന്ന കാശുകൊണ്ട് അവള്‍ ഓരോ ദിവസവും തള്ളിനീക്കി.അന്നും പതിവുപോലെ അവള്‍ പീടികത്തിണ്ണയില്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് പീടികയുടെ എതിര്‍വശത്തുനിന്നും ദയനീയമായ ഒരു നിലവിളി കേട്ടു. രാത്രിയുടെ ഇരുളിലും അവള്‍ ആ മുഖം തിരിച്ചറിഞ്ഞു. ആരോ രാമേട്ടനെ കുത്തുന്നു. അവള്‍ ധൈര്യം സംഭരിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടി. പോലീസെത്തി അക്രമിയെ കൈയോടെ പിടികൂടി.
ഗുരുതരമായി പരുക്കേറ്റ രാമേട്ടനെ അവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും രാമേട്ടനെ രക്ഷിക്കാനായില്ല. ബോധം കിട്ടിയ സമയത്തെപ്പോഴോ രാമേട്ടന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്ടെ പീടിക അനാഥയായ രമണിക്ക് കിട്ടി. ഇന്ന് ആ പീടിക ചൂളക്കുന്ന് ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കച്ചവട സ്ഥാപനമാണ്. സമ്പന്നതയുടെ നടുവില്‍ സുഖമായി ജീവിക്കുമ്പോഴും തന്നെ താനാക്കിയ പാവം രാമേട്ടനെ അവള്‍ ഓര്‍ക്കാറുണ്ട്.
സീന.ആര്‍.എ (ആറാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ