2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

കാഴ്ചയില്ലാത്തവര്‍ (കവിത )

കാണുന്നു മനസ്സിന്ടെ കണ്ണാല്‍
കാഴ്ചയില്ലാത്തവര്‍....
മനസ്സില്‍ തുറക്കുന്നു മറ്റൊരു ജാലകം
ഒരു വാതിലടയുമ്പോള്‍ കാണുവാനായ്...
വര്‍ണ്ണങ്ങളില്ലാത്ത ലോകത്തിലവര്‍തന്‍
കാഴ്ചകളായിടാം മറ്റൊരു രൂപത്തില്‍!
തൊട്ടറിയുന്നവര്‍ പ്രകൃതിതന്‍ സൌന്ദര്യം
മറ്റിന്ദ്രിയങ്ങളാല്‍ സൂക്ഷ്മമായി...
അനന്തമാം കാഴ്ചകള്‍, അണയാത്തൊരുള്‍ക്കണ്ണാല്‍
നമ്മേക്കാള്‍ കൃത്യമായ് കണ്ടിടുന്നൂ അവര്‍...
കണ്ണുകളുണ്ടായാല്‍ മാത്രം പോരാ...നമ്മള്‍ക്ക്,
കാണാനകക്കണ്ണു കൂടെ വേണം..!!


സുനിഷ.കെ.എസ് (ഏഴാം തരം)
കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍,വാടാനപ്പള്ളി,
പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

കാഴ്ചയില്ലാത്തവരുടെ കാഴ്ച (കവിത )

കാഴ്ചയില്ലാതെ ഞാന്‍ ജീവിക്കയാണെന്ന്
മാലോകരെല്ലാം കരുതീടുന്നു
കാഴ്ചയില്ലെങ്കിലും കാണുന്നു കാഴ്ചകള്‍
ഞാനെന്‍ മനസ്സിന്ടെ കണ്ണുകൊണ്ട്
അമ്മയെ തൊടുമ്പോള്‍ തെളിയുമെന്‍ മനതാരില്‍
അമ്മതന്‍ സുന്ദരരൂപം; എന്നമ്മതന്‍ സുന്ദരരൂപം
വാനിന്ടെ, ഭൂവിന്ടെ, പൂവിന്ടെ ശോഭകള്‍
അമ്മയിലൂടെയെന്‍ മനതാരില്‍ വിരിയുന്നു
എന്‍ മനസ്സില്‍ വിരിയുന്ന പൂക്കള്‍ക്കൊ‌‌-
രായിരം ശോഭയുണ്ടെന്നറിക നിങ്ങള്‍
ശോഭയുണ്ടെന്നറിക നിങ്ങള്‍..!!


റഷ്ഹാന.പി.ആര്‍ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍,വാടാനപ്പള്ളി,
പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

പൂമ്പാറ്റയുടെ കൌശലം (കഥ)

ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടിലാണ് ചിട്ടു ചിലന്തിയുടെ താമസം. കൌശലക്കാരനായ ചിന്നന്‍ പൂമ്പാറ്റയും ആ പരിസരത്താണ് ജീവിച്ചിരുന്നത്. ഒരു ദിവസം ചിന്നന്‍ തേന്‍ തേടിയിറങ്ങി. പൂവൊന്നും കാണാതെ വിഷമിച്ച അവന്‍ പെട്ടെന്നാണ് ചെമ്പന്‍ ഈച്ചയെ കണ്ടത്. അവന്‍ ചോദിച്ചു: “സുഹൃത്തേ , ഇവിടെ ഒരിടത്തും പൂന്തോട്ടമില്ലേ?” “ഉണ്ടല്ലോ, കുറച്ചങ്ങു ചെന്നാല്‍ ഒരു ആള്‍പ്പാര്‍പ്പില്ലാത്ത വീടുണ്ട്. അവിടെ ചെന്നാല്‍ ഇഷ്ടം പോലെ തേന്‍ കുടിക്കാം” - ഇത്രയും പറഞ്ഞ് ചെമ്പന്‍ മൂളിപ്പാട്ടും പാടി പറന്നു പോയി.

വീട് കണ്ടപ്പോള്‍ ചിന്നന് സന്തോഷമായി. തിടുക്കത്തില്‍ പറന്നു ചെന്ന അവന്‍ ചെന്നുപെട്ടതോ ,ചിട്ടു ചിലന്തിയുടെ വലയിലും! അവന് പേടിയായി. “ഞാന്‍ ഈ തോട്ടത്തില്‍ നിന്ന് അല്പം തേന്‍ കുടിക്കാന്‍ വന്നതാണ്. എന്നെ തേന്‍ കുടിക്കാന്‍ അനുവദിക്കണേ” - ധൈര്യം സംഭരിച്ച് ചിന്നന്‍ പറഞ്ഞു. “അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ മോനേ, എനിക്കും നിന്നെപ്പോലെ വിശപ്പുണ്ട്, ഞാന്‍ നിന്നെ ശാപ്പിടാന്‍ പോവുകയാണ്.

അപ്പോള്‍ ചിന്നന് ഒരു ബുദ്ധി തോന്നി.” “ഹ ഹ ഹ ...” ചിന്നന്‍ ചിരിക്കാന്‍ തുടങ്ങി. “എന്താ നീ വെറുതെയിരുന്ന് ചിരിക്കുന്നത്..?“ - ചിട്ടു ചിലന്തി ചോദിച്ചു. ഒന്നുമില്ല എന്ടെയുള്ളില്‍ നിറയെ വിഷമാണ്. ആത്മഹത്യ ചെയ്യാനാണെങ്കില്‍ നീ ഇപ്പോള്‍ തന്നെ എന്നെ തിന്നോളൂ. അല്പം തേന്‍ കുടിച്ചാല്‍ എന്നിലെ വിഷമെല്ലാം പമ്പ കടക്കും. ഞാന്‍ ഈ തോട്ടത്തില്‍ നിന്ന് അല്‍പ്പം തേന്‍ കുടിച്ചിട്ട് വരാം. അപ്പോള്‍ നിനക്ക് ധൈര്യമായി എന്നെ തിന്നാം.” ചിന്നന്ടെ വാക്കു വിശ്വസിച്ച ചിലന്തി അവനെ തേന്‍ കുടിക്കാന്‍ വിട്ടു.
രക്ഷപ്പെട്ട ചിന്നന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “എടാ വിഡ്ഢീ, പൂമ്പാറ്റകള്‍ക്ക് എവിടെയാടാ വിഷം..? അതൊക്കെ രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ വെറുതെ പറഞ്ഞതല്ലേടാ മരമണ്ടാ.....”. ഇതു കേട്ട ചിലന്തി അന്തം വിട്ടു നിന്നു.
ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏത് ആപത്തില്‍ നിന്നും രക്ഷപ്പെടാം.
സാലിഹ.ഇ.എ (ആറാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി - തൃശൂര്‍

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ജിംബന്‍ കുഴിയില്‍ (കഥ)

നെല്ലിമലക്കാട്ടില്‍ ഒരു കടുവയുണ്ടായിരുന്നു-ജിംബന്‍ .മഹാക്രൂരനായിരുന്നു ജിംബന്‍ കടുവ. തന്ടെ ഗുഹയുടെ മുന്നിലൂടെ ആരു പോയാലും ജിംബന്‍ വെറുതെ വിടില്ല. ആരെക്കണ്ടാലും ഉപദ്രവിക്കുകയാണ് ജിംബന്ടെ പതിവ്.
ഒരു ദിവസം മിന്നന്‍ മുയല്‍ കുറേ കാരറ്റും ശേഖരിച്ച് കൂടയിലാക്കി വരികയായിരുന്നു. പെട്ടെന്നാണ് ജിംബന്‍ കടുവ മിന്നന്ടെ മുന്നില്‍ ചാടി വീണത്. “ഹും, എന്താ നിന്ടെ കൈയില്‍..?” ജിംബന്‍ ഗര്‍ജജിച്ചുകൊണ്ട് മുന്നോട്ടു ചാടി വീണു. “ഹയ്യോ ചേട്ടാ , എന്നെ ഒന്നും ചെയ്യല്ലേ. ഇത് കുറച്ച് കാരറ്റാ. വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ കൊണ്ടു പോകുവാ”- മിന്നന്‍ പേടിച്ച് വിറച്ചു കൊണ്ട് പറഞ്ഞു.
“ഹി ഹി ഹി...കാരറ്റോ, ഞാന്‍ കുറേ നാളായി കാരറ്റ് തിന്നിട്ട്. ഹും ജീവന്‍ വേണേല്‍ അതു മുഴുവന്‍ ഇവിടെ വച്ചിട്ട് പോടാ”-ജിംബന്‍ അലറി.ഇതു കേട്ട് മിന്നന്‍ കാരറ്റ് അവിടെ വെച്ചിട്ട് ഒറ്റയോട്ടം വച്ചു കൊടുത്തു.
വെറും കൈയോടെ മടങ്ങിവരുന്ന മിന്നനെ കണ്ടപ്പോള്‍ കുഞ്ഞുമുയലുകള്‍ ചോദിച്ചു: “അച്ഛാ ഞങ്ങള്‍ക്ക് തിന്നാന്‍ ഒന്നും കൊണ്ടുവന്നില്ലേ..?”
കുഞ്ഞുങ്ങളുടെ സങ്കടം കണ്ടപ്പോള്‍ മിന്നന്‍ നടന്നതെല്ലാം പറഞ്ഞു. അപ്പോള്‍ മിന്നന്ടെ മക്കളില്‍ ബുദ്ധിമാനായ കുഞ്ഞന്‍ മുയല്‍ പറഞ്ഞു: “ഹും എങ്കില്‍ ആ ദുഷ്ടനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം”.അവന്‍ ഒരു സൂത്രം ചിന്നന്ടെ ചെവിയില്‍ പറഞ്ഞു.
അന്ന് രാത്രി മിന്നന്‍ മുയലും മക്കളും കൂടി ജിംബന്റെ ഗുഹയ്ക്ക് മുന്നിലെത്തി. എന്നിട്ട് അവിടെ ഒരു വലിയ കുഴിയുണ്ടാക്കി. അതില്‍ കുറേ മുള്ളും കൂര്‍ത്ത പാറക്കഷ്ണങ്ങളുമൊക്കെ ഇട്ടു. പിന്നീട് കുഴിയുടെ മുകളില്‍ ചുള്ളിക്കമ്പും ഇലയുമൊക്കെ വച്ച് മറയ്ക്കുകയും ചെയ്തു.
പിറ്റേന്ന് നേരം വെളുത്തു. രാവിലെ വെയില്‍ കായാനായി ജിംബന്‍ ഗുഹയ്ക്ക് പുറത്തിറങ്ങി. അപ്പോഴാണ് കുറച്ച് ദൂരെയായി നിന്ന് മിന്നന്‍ മുയല്‍ ജിംബനെ കളിയാക്കിയത് : “ഹും, എടോ എലുമ്പന്‍ കടുവേ, നിനക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിക്ക്..!!”ഇതു കേട്ട ജിംബന് ഭയങ്കര ദേഷ്യം വന്നു. അവന്‍ മിന്നനു നേരെ ഒറ്റച്ചാട്ടം. പക്ഷേ ജിംബന്‍ വന്നു വീണതോ ഗുഹയ്ക്ക് മുന്നിലെ കുഴിയിലും! “ഹമ്മോ..” കുഴിയിലുള്ള കല്ലും മുള്ളുമെല്ലാം അവന്ടെ ദേഹത്ത് തുളച്ച് കയറി. കുഴിയിലെ കല്ലില്‍ തട്ടി അവന്ടെ കാലും കൈയുമൊക്കെ ഒടിയുകയും ചെയ്തു.
അതോടെ ജിംബന്ടെ അഹങ്കാരമെല്ലാം പമ്പ കടന്നു.പിന്നീട് ജിംബനെ നെല്ലിമലക്കാട്ടില്‍ ആരും കണ്ടിട്ടേയില്ല.

ആഷിത.എ.വൈ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍-വാടാനപ്പള്ളി, തൃശൂര്‍
(ബാലഭൂമി സ്കൂള്‍.കോമില്‍ പ്രസിദ്ധീകരിച്ചത് )