നെല്ലിമലക്കാട്ടില്‍ ഒരു കടുവയുണ്ടായിരുന്നു-ജിംബന്‍ .മഹാക്രൂരനായിരുന്നു ജിംബന്‍ കടുവ. തന്ടെ ഗുഹയുടെ മുന്നിലൂടെ ആരു പോയാലും ജിംബന്‍ വെറുതെ വിടില്ല. ആരെക്കണ്ടാലും ഉപദ്രവിക്കുകയാണ് ജിംബന്ടെ പതിവ്.
ഒരു ദിവസം മിന്നന്‍ മുയല്‍ കുറേ കാരറ്റും ശേഖരിച്ച് കൂടയിലാക്കി വരികയായിരുന്നു. പെട്ടെന്നാണ് ജിംബന്‍ കടുവ മിന്നന്ടെ മുന്നില്‍ ചാടി വീണത്. “ഹും, എന്താ നിന്ടെ കൈയില്‍..?” ജിംബന്‍ ഗര്‍ജജിച്ചുകൊണ്ട് മുന്നോട്ടു ചാടി വീണു. “ഹയ്യോ ചേട്ടാ , എന്നെ ഒന്നും ചെയ്യല്ലേ. ഇത് കുറച്ച് കാരറ്റാ. വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ കൊണ്ടു പോകുവാ”- മിന്നന്‍ പേടിച്ച് വിറച്ചു കൊണ്ട് പറഞ്ഞു.
“ഹി ഹി ഹി...കാരറ്റോ, ഞാന്‍ കുറേ നാളായി കാരറ്റ് തിന്നിട്ട്. ഹും ജീവന്‍ വേണേല്‍ അതു മുഴുവന്‍ ഇവിടെ വച്ചിട്ട് പോടാ”-ജിംബന്‍ അലറി.ഇതു കേട്ട് മിന്നന്‍ കാരറ്റ് അവിടെ വെച്ചിട്ട് ഒറ്റയോട്ടം വച്ചു കൊടുത്തു.
വെറും കൈയോടെ മടങ്ങിവരുന്ന മിന്നനെ കണ്ടപ്പോള്‍ കുഞ്ഞുമുയലുകള്‍ ചോദിച്ചു: “അച്ഛാ ഞങ്ങള്‍ക്ക് തിന്നാന്‍ ഒന്നും കൊണ്ടുവന്നില്ലേ..?”
കുഞ്ഞുങ്ങളുടെ സങ്കടം കണ്ടപ്പോള്‍ മിന്നന്‍ നടന്നതെല്ലാം പറഞ്ഞു. അപ്പോള്‍ മിന്നന്ടെ മക്കളില്‍ ബുദ്ധിമാനായ കുഞ്ഞന്‍ മുയല്‍ പറഞ്ഞു: “ഹും എങ്കില്‍ ആ ദുഷ്ടനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം”.അവന്‍ ഒരു സൂത്രം ചിന്നന്ടെ ചെവിയില്‍ പറഞ്ഞു.
അന്ന് രാത്രി മിന്നന്‍ മുയലും മക്കളും കൂടി ജിംബന്റെ ഗുഹയ്ക്ക് മുന്നിലെത്തി. എന്നിട്ട് അവിടെ ഒരു വലിയ കുഴിയുണ്ടാക്കി. അതില്‍ കുറേ മുള്ളും കൂര്‍ത്ത പാറക്കഷ്ണങ്ങളുമൊക്കെ ഇട്ടു. പിന്നീട് കുഴിയുടെ മുകളില്‍ ചുള്ളിക്കമ്പും ഇലയുമൊക്കെ വച്ച് മറയ്ക്കുകയും ചെയ്തു.
പിറ്റേന്ന് നേരം വെളുത്തു. രാവിലെ വെയില്‍ കായാനായി ജിംബന്‍ ഗുഹയ്ക്ക് പുറത്തിറങ്ങി. അപ്പോഴാണ് കുറച്ച് ദൂരെയായി നിന്ന് മിന്നന്‍ മുയല്‍ ജിംബനെ കളിയാക്കിയത് : “ഹും, എടോ എലുമ്പന്‍ കടുവേ, നിനക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിക്ക്..!!”ഇതു കേട്ട ജിംബന് ഭയങ്കര ദേഷ്യം വന്നു. അവന്‍ മിന്നനു നേരെ ഒറ്റച്ചാട്ടം. പക്ഷേ ജിംബന്‍ വന്നു വീണതോ ഗുഹയ്ക്ക് മുന്നിലെ കുഴിയിലും! “ഹമ്മോ..” കുഴിയിലുള്ള കല്ലും മുള്ളുമെല്ലാം അവന്ടെ ദേഹത്ത് തുളച്ച് കയറി. കുഴിയിലെ കല്ലില്‍ തട്ടി അവന്ടെ കാലും കൈയുമൊക്കെ ഒടിയുകയും ചെയ്തു.
അതോടെ ജിംബന്ടെ അഹങ്കാരമെല്ലാം പമ്പ കടന്നു.പിന്നീട് ജിംബനെ നെല്ലിമലക്കാട്ടില്‍ ആരും കണ്ടിട്ടേയില്ല.
ആഷിത.എ.വൈ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍-വാടാനപ്പള്ളി, തൃശൂര്‍
(ബാലഭൂമി സ്കൂള്‍.കോമില്‍ പ്രസിദ്ധീകരിച്ചത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ